
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വര്‍ഗീയത നിറഞ്ഞ പ്രസംഗത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതൊക്കെ ചര്‍ച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്ന സമയത്താണ് കെ എം ഷാജിയുടെ പരമാര്‍ശം വരുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമസ്തയും ലീഗും തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
വിശുദ്ധാത്മക്കളുടെ കബറിടത്തിൽ ആദരിച്ച് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് കെ എം ഷാജി പ്രസംഗിച്ചത്, വര്‍ഗീയ പരാമര്‍ശം നടത്തിയ അതേ പ്രസംഗത്തില്‍ തന്നെയാണ് ഈ പരാമര്‍ശവും കെ എം ഷാജി നടത്തിയത്. ഈ പരാമര്‍ശം സുന്നികളെ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ടിയാണെന്നുമുള്ള വിമര്‍ശനമാണ് സമസ്ത ഉയര്‍ത്തുന്നത്.
സmമസ്തയുടെ പ്രധാനപ്പെട്ട നേതാക്കള്‍ക്കൊക്കെ കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ അതൃപ്തിയുണ്ട്. സമസ്തയുടെ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബദുല്‍ ഹമീദ് ഫൈസി വളരെ നിശിതമായ വിമര്‍ശനം കെ എം ഷാജിക്കെതിരെ ഉയര്‍ത്തിയിട്ടുണ്ട്. സമസ്തയെ ദുർബലപ്പെടുത്താനാണ് ചില ലീഗ് നേതാക്കളുടെ നീക്കമെന്നും പാർട്ടി സ്ഥാനങ്ങൾ ഉപയോഗിച്ച് സമസ്തയെ ആക്രമിക്കാനുളളള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്.
സമസ്തക്കെതിരെ നേരത്തെയും ഷാജി അധിക്ഷേപ പ്രസംഗം നടത്തിയിട്ടുണ്ട്. മുജാഹിദ് വിഭാഗങ്ങൾക്ക് ലീഗിൽ എത്ര ഉയർന്ന സ്ഥാനവും നൽകാം എന്നാൽ ആ സ്ഥാനം ഉപയോഗിച്ച് സുന്നികളെ അവഹേളിക്കരുതെന്നും സമസ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.