
ശബരിമല സ്വർണമോഷണക്കേസിൽ ഒരാളേയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളതാണ് എന്നും അന്വേഷണത്തിൽ ഇടപെടുന്ന പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് പങ്കില്ല എന്നാണ് പത്മകുമാർ പറഞ്ഞത് എന്നും അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കളങ്കിതരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുമെന്നും ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.



