KeralaNews

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ്‌ ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വി.

കഴിഞ്ഞ കുറച്ചുകാലമായി ബഹുഭാര്യത്വവും 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള പെണ്‍കുട്ടികളുടെ വിവാഹവും സ്ഥാപിച്ചുകിട്ടാനുള്ള ശ്രമമാണ് യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അഖിലേന്ത്യ തലത്തില്‍ തന്നെ ഈ സംഘടനകള്‍ നടത്തുന്നുണ്ട്. അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ.ബഹാവുദ്ദീൻ നദ്‌വി.

പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇദ്ദേഹം ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ അമ്മയുടെ വിവാഹത്തെപ്പറ്റി പ്രസംഗത്തിനിടെ സംസാരിച്ചത്. പല മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്ന വലിയൊരു വിവാദ പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. മതപണ്ഡിതനായ, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button