KeralaNews

‘സർക്കാർ അതിജീവിതക്കൊപ്പം; നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’: എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിതക്ക് പിന്തുണ ആവർത്തിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടത്. സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കുറ്റവാളികൾക്കെതിരെ സർക്കാർ സ്വീകരിച്ചത് കർശന നിലപാടാണെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. ആറ് പേരെ കുറ്റക്കാരായി വിധിച്ചത് സർക്കാരിന്‍റെ ഇച്ചാശക്തിക്ക് ലഭിച്ച അംഗീകാരമാണ്. തുടർ നടപടികൾ സർക്കാർ നിയമപരമായി സ്വീകരിക്കും. എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമാണ് സർക്കാർ നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിജീവിതക്ക് ഒപ്പമാണ് സർക്കാരും ഇടതുപക്ഷവുമെന്ന് എ കെ ബാലനും പ്രതികരിച്ചു. അന്വേഷണ സംഘം ക്രിമിനലുകളാണെന്ന ദിലീപിന്‍റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. നടത്തിയത് ഗുരുതര ആരോപണമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവിതയുടെ പോരാട്ടത്തിൽ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്ന് വി ശിവൻകുട്ടിയും പറഞ്ഞു. എല്ലാവിധ പിന്തുണയും അതിജീവിതയ്ക്ക് ഗവൺമെൻറ് നൽകും. അതീവ ഗൗരവത്തോടെയാണ് വിഷയത്തെ മുഖ്യമന്ത്രിയും സർക്കാരും കണ്ടിരുന്നത്. വിധിയുടെ പൂർണ്ണരൂപം വന്നതിനുശേഷം ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

6 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് പ്രോസിക്യൂഷന്‍റെ വിജയമാണെന്ന് എം വി ജയരാജൻ പറഞ്ഞു. കോടതി വിധി അന്തിമമല്ല. വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രോസിക്യൂഷൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button