
മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും സീറ്റുകൾ ആവശ്യപ്പെടുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിൽ വിജയ സാധ്യത മാത്രമാണ് മാനദണ്ഡം. സീറ്റുകൾ വെച്ചുമാറുന്ന കാര്യം ചർച്ച ചെയ്യുന്നതായിരിക്കും. പുതിയ കക്ഷികൾ വരുമ്പോൾ വേണ്ടി വന്നാൽ മുസ്ലിം ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയായിരുന്നു. എസ് ഐ ആറില്‍ ജാഗ്രതയോടെ കാര്യങ്ങൾ മുന്നോട്ടുനീക്കുന്നുണ്ട്. അർഹർ ഒഴിവാക്കപ്പെടാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബി ജെ പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ വ്യാപകമായി വ്യാജവോട്ടർമാരെ തിരുകിക്കയറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അവർ നിലവിലെ എസ് ഐ ആര്‍ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. ഇനി അവർ തിരികെ പട്ടികയിൽ കയറാതിരിക്കാൻ ജാഗ്രത പുലർത്തും. ജനുവരി 15നകം യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും ടേം വ്യവസ്ഥ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



