
നടിയെ ആക്രമിച്ച കേസില്‍ പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്. പരമാവധി ശിക്ഷ ലഭിക്കാത്തത് പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന കാര്യം നേരത്തെ അറിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ജു വാര്യർ ആദ്യം മുതൽ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നുവെന്ന് നടൻ പ്രേം കുമാര്‍. പ്രോസിക്യൂഷൻ കണ്ടെത്തിയതും ഗൂഢാലോചനയുണ്ട് എന്നാണ്. ഒന്നാം പ്രതി പറഞ്ഞതും ഇത് ക്വട്ടേഷനാണ് എന്നാണ്. അതിജീവതയും ക്വട്ടേഷനുണ്ടെന്ന് പറഞ്ഞു. പൊതുസമൂഹവും ഇപ്പോൾ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.
ഗൂഢാലോചനക്ക് പിന്നിൽ ഉൾപ്പെട്ടവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അതിജീവിത പറയുന്നത് നീതി ലഭിച്ചില്ല എന്നാണ്. പിന്നെങ്ങനെയാണ് കോടതിവിധിയിൽ നീതി നടപ്പിലായെന്ന് പറയാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.



