
സ്വർണ പാളി വിഷയത്തിൽ അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ലെന്ന് മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പന്റെ മുതൽ ആര് കൊണ്ടുപോയാലും അവരെ പിടികൂടും. മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണം. അന്വേഷണ സമിതി റിപ്പോർട്ട് വരട്ടെ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. എവിടെയെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ദേവസ്വം ബോർഡിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി മേൽ നോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. സമഗ്രമായ അന്വേഷണം തന്നെ നടക്കട്ടെ. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.