
വികസനരംഗത്ത് കേരളം മുന്നേറുന്നുവെന്നും കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായക ചുവടുവെപ്പാണിത്. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകുന്നുവെന്ന് പുതിയ രണ്ട് ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണത്. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുന്നു. ടൂറിസം രംഗത്തിന് ഈ പദ്ധതി ഉണർവാണ് നൽകുന്നത്. കൂടുതൽ ടെർമിനുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കടമക്കുടിയിലെ ടെർമിനൽ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. വാട്ടർ മെട്രോയുടെ തുടർ പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കുന്നതാണ്.
കൊച്ചി മെട്രോ വികസനം, കൊച്ചി വിമാനത്താവളം, ഇൻഫോ പാർക്ക് വികസനം എന്നിവ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് വലിയ നിക്ഷേപം വികസനത്തിൻ്റെ ഭാഗമായി വരുന്നുണ്ട്. ക്ഷേമ പദ്ധതികൾ നൽകാൻ സർക്കാർ ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം നവംബർ അഞ്ചിന് നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിൻ്റെ 2, 3, 4 ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒരുമിച്ച് നടത്താനാണ് തീരുമാനം.