
നമ്മുടെ നാട് ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണെന്നും ഇന്ത്യ രാജ്യത്ത് ഉള്ളതിന്റെ പങ്കിൽ നമ്മുക്കും അവകാശമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് കാലാനുസൃതമായി മാറ്റം വേണമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടെന്നും പക്ഷേ ചിലർ നാട്ടിലെ പുരോഗതിക്ക് തടസം നിൽക്കുകയാണെന്നും ഇത് പ്രത്യേക മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ നാട്ടിലെ തലമുറയോട് ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും അദ്ദേഹം വിമർശിച്ചു.
സാധാരണ നിലയിൽ നാടിനെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര ഗവൺമെൻ്റിനുണ്ട്. എന്നാൽ ആ ബാധ്യത നിറവേറ്റാത്ത ഗവൺമെൻ്റാണ് കേന്ദ്രത്തിലുള്ളത്. അത് നമ്മൾ നേരിടേണ്ടി വന്ന തിക്തമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “നിരവധി പ്രതിസന്ധികൾ, ദുരന്തങ്ങൾ സംസ്ഥാനത്തിന് നേരിടേണ്ടി വന്നു. ലോകമാകെ വ്യാപിച്ച കൊവിഡ് മഹാമാരി വന്നു. എന്നാൽ യഥാവിധി സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് ഒന്നും ചെയ്തില്ല. കേരളം എങ്ങനെ കരകയറുമെന്ന് കേരളത്തെ സ്നേഹിക്കുന്നവർ വേവലാതിപ്പെട്ടു. ആ സമയത്ത് സഹായം നമുക്ക് ആവശ്യമായിരുന്നു. സഹായിക്കാൻ തുനിഞ്ഞ് പലരും വന്നപ്പോൾ വിദേശ സഹായമടക്കം തടഞ്ഞു.”-അദ്ദേഹം പറഞ്ഞു.
നിഷേധ സമീപനമാണ് എല്ലാ ഘട്ടത്തിലും കേന്ദ്രം സ്വീകരിച്ചതെന്ന് വിമർശിച്ച മുഖ്യമന്ത്രി ഏറ്റവും ഒടുവിൽ മുണ്ടക്കൈ – ചൂരൽമല ദുരന്ത ശേഷം പ്രധാനമന്ത്രി വന്ന് നല്ല നിലയിൽ കാര്യങ്ങൾ പറഞ്ഞു പോയി എന്നും എന്നാൽ പിന്നീട് പഴയ നില തന്നെ തുടർന്നുവെന്നും കുറ്റപ്പെടുത്തി. എന്താണ് നമുക്കുള്ള കുറവ് എന്ന് കേന്ദ്ര ഗവൺമെൻ്റ് ഇതുവരെ പറഞ്ഞിട്ടില്ല.കേരളത്തെ എഴുതി തള്ളേണ്ട സംസ്ഥാനങ്ങളുടെ പട്ടികയിലല്ല ഉൾപ്പെടുത്തേണ്ടത്.സഹായം നൽകാൻ അറച്ച് നിൽക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പകപോക്കൽ നയം കേരളത്തോട സ്വീകരിക്കുകയാണ്ന മ്മൾ എല്ലാ ഘട്ടത്തിലും അതിജീവനത്തിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ കാണിച്ച ഒരുമയും ഐക്യവുമാണ് അസാധ്യമായ കാര്യം നടപ്പിലാക്കാൻ സഹായിച്ചതെന്നും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം കേരളം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.