
പി. എം. ശ്രീ പദ്ധതിയുമായി ഇടതുപക്ഷം മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മിനും സിപിഐക്കും പി.എം ശ്രീ പദ്ധതിയിൽ രണ്ട് നിലപാട് ഇല്ല, ഒറ്റ നിലപാട് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയുടെ ആത്മാവ് കേന്ദ്ര സർക്കാരിൻ്റെ പുത്തൻ വിദ്യഭ്യാസ നയമാണ്. കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിസംബർ ആറ് ഇന്ത്യ ഒരിക്കലും മറക്കാത്ത ദിനമാണ്. ഇതേ നാളിലാണ് അയോധ്യയിൽ ബബരി മസ്ജിദ് തകർത്തത്. ബബരി മസ്ജിദ് തകർക്കുമ്പോൾ കോൺഗ്രസ് അധികാരത്തിലുള്ള സർക്കാർ മൗനം പാലിച്ചു. യുഡിഎഫും ബിജെപിയും രണ്ടല്ല, ഒന്നാണ്.
ഇടതുപക്ഷത്തിൻ്റെ മുന്നേറ്റം സമഗ്രമാണ്. ജനങ്ങൾ അത് കാണുന്നുണ്ട്. അടുത്ത അധ്യായമായി കേരളത്തെ സമ്പൂർണ ദാരിദ്ര മുക്തമാക്കാൻ ഇടതുപക്ഷത്തിന് സാധിക്കും. ശശി തരൂർ നടത്തുന്നത് മോദി സ്തുതിയാണ്. ആഴ്ച്ച ഇടവിട്ട് മോദിയെ ശശി തരൂരിന് സ്തുതിക്കണം. കോൺഗ്രസിലെ വലിയ ചുമതല വഹിക്കുന്ന വ്യക്തിയാണ് ശശി തരൂർ എന്ന് ഓർക്കണം. കോൺഗ്രസിന് ഗാന്ധിയെ അറിയില്ല, നെഹറുവിനെ അറിയില്ല പകരം പുതിയ രാഹുലിനെ അറിയാം. കേരളത്തിലെ കോൺഗ്രസിനെ മാഫിയ കൾച്ചർ വിഴുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



