
കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിനിടെ തകർന്നതിൽ ഉത്തരവാദിത്തം കരാറുകാരനെന്ന് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാൽ . നിർമ്മാണവുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് ശേഷം സമിതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ പിഎസി വിശദമായി ചർച്ച ചെയ്തു. നിര്‍മ്മാണത്തില്‍ അപാതകയുണ്ടെന്ന് കാണിച്ച് ഏഴു ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. സങ്കല്‍പ്പിക്കുന്നതിനും അപ്പുറത്താണ് പ്രശ്‌നങ്ങള്‍. ഡിസൈന്‍ പിഴവുണ്ടായി എന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി തന്നെ സമിതിക്ക് മുമ്പാകെ അംഗീകരിച്ചുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
മഴ വന്നാല്‍ വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുന്ന പ്രദേശമാണ് കൂരിയാട്. അവിടെയാണ് ശക്തമായ ഒരു ബേസ്‌മെന്റുമില്ലാതെ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. അതാണ് തകര്‍ന്ന് തരിപ്പണമായത്. എലിവേറ്റഡ് ഹൈവേയാണ് അവിടെ പ്രായോഗികമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും അത് അവഗണിച്ചാണ് റോഡ് പണിതത്. ഡിസൈനില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസൈന്‍ പിഴവുണ്ടായതിന്റെ ഉത്തരവാദിത്തം കരാറുകാരനാണ്. അവര്‍ എന്‍എച്ച്എഐ അംഗീകരിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയേഴ്‌സുമായി ആലോചിച്ചാണ് ഡിസൈന്‍ ഉണ്ടാക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പാളിച്ചകള്‍ ഗുരുതരമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ദേശീയപാത അതോറിട്ടി ചെയര്‍മാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ സമ്മതിച്ചിരിക്കുകയാണ്.
ദേശീയപാത നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഹൈ ലെവല്‍ ടെക്‌നിക്കല്‍ ടീം ഇല്ലായെന്നാണ് വ്യക്തമായത്. ഇത്രയും കോടിക്കണക്കിന് രൂപയുടെ നിര്‍മ്മാണജോലികള്‍ പരിശോധിക്കാന്‍ ടെക്‌നിക്കല്‍ ടീം ഇല്ലായെന്നത് സങ്കടകരമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ദേശീയപാത നിര്‍മ്മാണത്തില്‍ തകര്‍ച്ചയുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തി, കരാര്‍, ഡിസൈന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്തു സംഭവിച്ചു എന്ന് പരിശോധിക്കാന്‍ സിഎജിയോട് പിഎസി ആവശ്യപ്പെട്ടിരിക്കുകയാണ്.