ഒരു കുടുംബത്തിലെ പക്ഷികള്‍ക്ക് മാത്രം പറക്കാന്‍ കഴിയുന്ന മരത്തില്‍ ഇരുന്നിട്ട് കാര്യമുണ്ടോ? : കെ സുരേന്ദ്രന്‍

പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ എക്‌സ് പോസ്റ്റില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു കുടുംബത്തിലെ പക്ഷികള്‍ക്ക് മാത്രം പറക്കാന്‍ അധികാരമുളള മരത്തില്‍ ഇരുന്നിട്ട് കാര്യമുണ്ടോ എന്നാണ് തരൂരിനോട് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്.
‘പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല’ എന്ന ഡോണ്ട് ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്‌കത്തില്‍ നിന്നുളള വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പോസ്റ്റ്. എഴുത്തുകാരി അന്ന ഗൗക്കറുടെ പുസ്തകമാണ് ഡോണ്ട് ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ. ഈ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ‘ഒരു പക്ഷി കുടുംബത്തിന് മാത്രം പറക്കാന്‍ അനുവാദവും അധികാരവുമുളള മരത്തിലാണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍, നിങ്ങളുടെ ചിറകുകള്‍ എത്ര ശക്തമാണെങ്കിലും നിങ്ങള്‍ക്ക് ഒരിക്കലും ഉയരത്തില്‍ പറക്കാന്‍ കഴിയില്ല’-എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.
തരൂരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിമർശനമുന്നയിച്ചിരുന്നു. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ പറഞ്ഞത്. ‘ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും?’- മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. അതിനുപിന്നാലെയാണ് പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് തരൂർ എക്സിൽ പോസ്റ്റിട്ടത്.