
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെ സുധാകരന്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്. താന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അവിശ്വസിക്കുന്നില്ല. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന്‍ പറഞ്ഞു. വെറുതേ അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിക്കാരും നടത്തുന്നൊരു ശ്രമമാണ് ഇതിന്റെ പിന്നില്‍. ഒരു സത്യാവസ്ഥയുമതിനകത്ത് ഇല്ല. തീര്‍ത്തും നിരപരാധിയാണവന്‍. ഞാന്‍ അതൊക്കെ അന്വേഷിച്ചു. വഴക്ക് പറയാന്‍ വേണ്ടിയാണ് അന്വേഷിച്ചത്. മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തെറ്റിയെന്ന് തോന്നി. അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. നമുക്ക് അവനെ കുറിച്ച് തര്‍ക്കങ്ങളില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല – കെ സുധാകരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണം. സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ആകാതെ കോണ്‍ഗ്രസ് വലയുകയാണ് കോണ്‍ഗ്രസ്. ഈ ഘട്ടത്തിലാണ് കെ സുധാകരന്റെ പ്രതികരണം. രാഹുലിനെതിരായ ലൈംഗികാരോപണത്തില്‍ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടാകുന്നത്. രാഹുലിന് പിന്തുണച്ച് പരസ്യമായി കെ സുധാകരന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ വിഷയത്തിലെ ചേരിതിരിവ് വ്യക്തമായി.
അതേസമയം, ആരോപണം ഉന്നയിച്ച യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാരിനെയും പൊലീസിന്റെയും തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കുമെന്നാണ് വിവരം. ആരോപണങ്ങള്‍ക്കിടയിലും നേതൃത്വം പുറത്താക്കിയെന്ന് പറയുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. രാഹുല്‍ വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.



