
വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിൽ പ്രതികരണവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് എംപി സഭയിൽ ഹാജരായിരുന്നില്ല എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് കെ റഫീഖ് വിമർശിച്ചു.വയനാട്ടിലെ മതേതര പക്ഷത്തുള്ള ജനതയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി സ്വീകരിച്ചതെന്നും കെ റഫീഖ് പറഞ്ഞു.
രാജ്യത്തെ മുസ്‌ലിങ്ങളെ ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര നിലപാടാണ് വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്ര മോദി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കെ റഫീഖ് വിമർശിച്ചു. രാഷ്ട്രീയ ഹിന്ദുത്വയുടെ അടിത്തറയിൽ നിന്നുള്ള ഹിന്ദു രാജ്യം എന്ന ആർഎസ്എസ് ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ മാറ്റുക എന്ന താൽപ്പര്യത്തോടെയാണ് മോദി ഭരണകൂടം പാർലമെൻ്റിനെ ഉപയോഗിച്ച് വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കെ റഫീഖ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു റഫീഖിന്റെ പ്രതികരണം.