Uncategorized

അന്‍വര്‍ യുഡിഎഫിന്റെയും വോട്ട് പിടിക്കും; നേരിയ മൂന്‍തൂക്കം ഷൗക്കത്തിനെന്ന് കെ മുരളീധരന്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒന്‍പതുവര്‍ഷത്തെ എല്‍ഡിഎഫ് എംഎല്‍എ ആയിരുന്നു. ആ ബന്ധങ്ങളൊക്കെ നിശബ്ദ വോട്ടുകള്‍ ആയി അദ്ദേഹത്തിന് കിട്ടും. എന്നാല്‍ യുഡിഎഫില്‍ നിന്ന് വലിയ തോതില്‍ വോട്ടുകള്‍ കൊഴിഞ്ഞുപോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ കേരളത്തില്‍ ഈസി വാക്കോവറായി ഒരു മണ്ഡലവും ഇല്ല. തൃക്കാക്കരയും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം മത്സരം ഒരു ടൈറ്റ് പ്രതീതിയായിരുന്നു. ഫലം വരുമ്പോള്‍ യുഡിഎഫിന് വലിയ മുന്‍തൂക്കമുണ്ടാകും. നിലമ്പൂരില്‍ വരുമ്പോള്‍ യുഡിഎഫിന് എല്ലാ കാലത്തും വലിയ ഭൂരിപക്ഷം ഉണ്ടായിട്ടില്ല. ആര്യാടന്‍ മുഹമ്മദിന് തന്നെ രണ്ടുതവണ മാത്രമേ പതിനായിരത്തിലധികം ഭൂരിപക്ഷം ലഭിച്ചിട്ടുള്ളു. ഇപ്പോഴത്തെ നിലമ്പൂര്‍ പഴയ നിലമ്പൂര്‍ മണ്ഡലമല്ല. യുഡിഎഫിന്റെ ശക്തികേന്ദ്രമായ കാളികാവ് വണ്ടൂരില്‍ പോയി. എന്നാലും നേരിയ എഡ്ജ് മണ്ഡലത്തില്‍ യുഡിഎഫിന് ആണ്. കഴിഞ്ഞ രണ്ട് തവണ യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ കാരണം ആ എഡ്ജ് നഷ്ടമായി. ഇത്തവണ ബൈ ഇലക്ഷനില്‍ കോണ്‍ഗ്രസിന് കൂടുതല്‍ മുന്‍തൂക്കമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിവി അന്‍വറിന് ഉള്‍ക്കൊള്ളാനാവാതെ വന്നതോടെയാണ് മുന്നണി പ്രവേശനം സംബന്ധിച്ച കുഴപ്പങ്ങള്‍ ഉണ്ടായതെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിസം ഇല്ലാതാക്കാനാണ് അന്‍വറിന്റെ പോരാട്ടം. എന്നാല്‍ സ്വന്തം നിലയില്‍ അന്‍വറിന് ജയിക്കാനും കഴിയില്ല. അത് ജനങ്ങള്‍ക്ക് മനസിലാകുമെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

‘വിഡി സതീശനെതിരെ അന്‍വര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ല. അന്‍വറിനെ അസോഷ്യേറ്റ് അംഗമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. പക്ഷെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് യുദ്ധത്തിന്റെ അന്തരീക്ഷം രാജ്യത്തുണ്ടായി. ആ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കില്ലായെന്ന് കരുതി. മഴ വരുന്ന സാഹചര്യത്തില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പും കേരളത്തില്‍ നടത്താറില്ല. അതിനാല്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് തിരക്കിട്ട പ്രഖ്യാപനം നടത്തേണ്ട സാഹചര്യം ഉണ്ടായില്ല. പിന്നീട് അന്‍വറിന് ആര്യാടന്‍ ഷൗക്കത്തിനെ ദഹിക്കാത്ത അവസ്ഥയുള്ളതുകൊണ്ടാണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടായത്. അതില്‍ അന്‍വര്‍ വിശാല മനസ്‌കത കാണിച്ചെങ്കില്‍ അദ്ദേഹത്തിന് നല്ല ഭാവിയുണ്ടാകുമായിരുന്നു. അന്‍വര്‍ മാത്രമാണ് വരുന്നതെങ്കില്‍ അംഗത്വം കൊടുക്കും. അന്‍വറിന്റെ പാര്‍ട്ടിയാണെങ്കിലും അംഗത്വം കൊടുക്കും. തൃണമൂലിലെ നമ്പാന്‍ പറ്റില്ല. മമത എപ്പോഴാണ് സ്റ്റാന്‍ഡ് മാറുകയെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഷൗക്കത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണ്. എല്ലാവരുടെയും പിന്തുണയോടെയാണ് ഷൗക്കത്തിനെ തീരുമാനിച്ചത്’, കെ മുരളീധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button