
കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ. കെപിസിസി വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കാതെ തലസ്ഥാനത്തേക്ക് മടങ്ങുകയാണ് ജാഥ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ പ്രതിഷേധം. നാല് ജില്ലകളെ സംഘടിപ്പിച്ച് നടത്തുന്ന മേഖല ജാഥയിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. കെപിസിസി പുനഃസംഘടന പട്ടികയിൽ തന്റെ അടുത്ത ആളായ കെ എം ഹാരിസിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുരളീധരന്റെ ഈ തീരുമാനം.
കെപിസിസി പുനഃസംഘടയ്ക്ക് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരെ പുനഃസംഘടന പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസിൽ പിണക്കങ്ങൾ തുടരുകയാണ്. വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കാതെ ക മുരളീധരൻ തലസ്ഥാനത്തേക്ക് മടങ്ങുന്നതോടെ കോൺഗ്രസ് കൂടുതൽ അപഹാസ്യരാവുകയാണ്.
പ്രതിപക്ഷ നേതാവാണെങ്കിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ക്ഷുഭിതനാവുകയാണ്. കെ മുരളീധരൻ ജാഥയിൽ പങ്കെടുക്കാത്ത് എന്താണെന്ന് ചോദിച്ചപ്പോൾ മുരളീധരന് ഗുരുവായൂർ സന്ദർശനം ഉണ്ടെന്നായിരുന്നു മറുപടി. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചതോടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽ കൃത്യമായ മറുപടിയില്ലാതെ പെട്ടന്ന് തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണ് വി ഡി സതീശൻ ചെയ്തത്.



