
സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ഈ സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം. ആ മാറ്റത്തിന് വേണ്ടിയുള്ള ആദ്യ അവസരം ആണ് ഈ തെരഞ്ഞെടുപ്പെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. കേരളത്തിൽ മാത്രമല്ല രാജ്യത്ത് മുഴുവൻ ജനത്തിന് മുകളിൽ രാഷ്ട്രീയം കൊണ്ടുവന്നിരിക്കുന്നു. ആശാവർക്കർമാരുടെ ആനുകൂല്യവും പെൻഷനും രാഷ്ട്രീയവൽക്കരിച്ചുകൂട. ഇത് മനസ്സിലാക്കുന്ന സർക്കാർ വരേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മതേതരത്വത്തിന് വേണ്ടി ഒന്നിച്ച് നിന്നവരാണ് നമ്മളെന്നും രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും പ്രിയങ്ക വിശദീകരിച്ചു.
മനുഷ്യ വന്യമൃഗ സംഘർഷത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. മനുഷ്യ ജീവന്റെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് പ്രിയങ്ക പറഞ്ഞത്. കോവിഡ് കാലത്തെ മുന്നണിപ്പോരാളികൾ ആയിരുന്നു ആശാ വർക്കർമാരെന്നും അടിസ്ഥാന ആവശ്യത്തിന് വേണ്ടി അവർക്ക് ഇപ്പോൾ പ്രതിഷേധിക്കേണ്ടിവരികയാണെന്നും പ്രിയങ്ക ആരോപിച്ചു.