InternationalNews

യു.എസ്സുമായുള്ള ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറി

യു.എസ്സുമായുള്ള ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറി. ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനിൽ നടക്കേണ്ട ആറാംഘട്ട ചർച്ചയിൽ നിന്നാണ് ഇറാന്റെ പിൻമാറ്റം. ഏപ്രിലിലാണ് ഒമാന്റെ മധ്യസ്ഥതയിൽ യു.എസും ഇറാനും ആണവ ചർച്ചകൾ ആരംഭിച്ചിരുന്നത്.

അമേരിക്കയുമായുള്ള ആണവചർച്ച ഞായറാഴ്ച മസ്‌കത്തിൽ നടക്കുമെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ ചർച്ചകളിൽ നിന്ന് ഔദ്യോഗികമായി തെഹ്റാൻ പിന്മാറുമെന്ന് ഇറാനുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചക്ക് മധ്യസ്ഥതവഹിക്കുന്ന ഒമാന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമെകന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ പിൻമാറ്റം. പുതിയ പശ്ചാതലത്തിൽ യു.എസ്-ഇറാൻ ആണവ ചർച്ചകൾ മുന്നോട്ടുപോകുന്നതിൽ ചില അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് വിദേശമാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നു. എത്രയും പെട്ടെന്ന് കരാറുകളിൽ എത്തുന്നതാണ് ഇറാന് നല്ലതെന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് ആവശ്യപ്പെടുന്നത്. എന്നാൽ, സിവിലയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്ന് ഇറാൻ വ്യക്തമാക്കി.

അഞ്ചാം റൗണ്ട് ചർച്ചകൾക്ക് ശേഷം മേയ് 31ന്, ആണവ കരാറിനായുള്ള യു.എസ് നിർദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും ചില അവ്യക്തതകൾ അതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി പറഞ്ഞത്. ന്യായയുക്തവും യുക്തിസഹവും സന്തുലിതവുമായ നിർദേശം തങ്ങൾ അടുത്ത ചർച്ചയിൽ അവതരിപ്പിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button