കാബൂളില് വീണ്ടും എംബസി തുറക്കും ; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി താലിബാൻ വിദേശകാര്യ മന്ത്രി

ഇന്ത്യയെ അടുത്ത സുഹൃത്തായാണ് അഫ്ഗാനിസ്താൻ കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുത്തഖി നിലപാട് വ്യക്തമാക്കിയത്. 2021ൽ അധികാരമേറ്റ ശേഷം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ആദ്യ നയതന്ത്ര കൂടിക്കാഴ്ചയാണിത്.
‘അഫ്ഗാനിൽ അടുത്തിടെ ഭൂകമ്പമുണ്ടായപ്പോൾ ആദ്യമായി പ്രതികരിച്ചത് ഇന്ത്യയാണ്. ഇന്ത്യയെ അഫ്ഗാൻ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ ബന്ധം ശക്തിപ്പെടുത്താൻ ഒരു കൂടിയാലോചനാ സംവിധാനം സൃഷ്ടിക്കാൻ ഞങ്ങൾ തയാറാണ്’- മുത്തഖി യോഗത്തിൽ പറഞ്ഞു.
‘ഡൽഹിയിലെത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ വർധിപ്പിക്കും. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഇടപെടലുകളും കൈമാറ്റങ്ങളും വർധിപ്പിക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഡൽഹിയിലെത്താനായിരുന്നു മുത്തഖിയുടെ ഉദ്ദേശിച്ചിരുന്നതെങ്കിലും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ യാത്രാവിലക്കിനെ തുടർന്ന് സാധിച്ചില്ല. തുടർന്ന് സമിതി താത്കാലിക യാത്രാ ഇളവ് നൽകിയതോടെയാണ് താലിബാൻ നേതാവ് ന്യൂഡൽഹിയിൽ എത്തിയത്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കൂടിക്കാഴ്ചയിൽ എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം അഫ്ഗാന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധശേഷിക്കും ഗുണേകുന്നതാണ്. അഫ്ഗാനിസ്താന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയിൽ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.