
പ്രതിപക്ഷത്തിനകത്ത് യോജിപ്പില്ലെന്ന്
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. പരിപാടി നേരത്തെ തീരുമാനിച്ചതാണെന്നും രാഷ്ട്രീയമായി ഇതിനെ കാണേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പമ്പയിലാണ് സംഗമം നടക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കേണ്ടതുണ്ട്. വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. ദേവസ്വം ബോര്‍ഡ് സഹായം അഭ്യര്‍ത്ഥിച്ചതു കൊണ്ടാണ് സര്‍ക്കാരും ഇടപെടുന്നത്. മറ്റ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം കഴിഞ്ഞാല്‍ കൂടുതല്‍ അയ്യപ്പന്മാര്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. രണ്ട് മന്ത്രിമാരെ തമിഴ്‌നാട് അയക്കും. താന്‍ ഒറ്റക്കല്ല ദേവസ്വം പ്രതിനിധികളുമായിട്ടാണ് തമിഴ്‌നാട്ടില്‍ ക്ഷണിക്കാന്‍ പോയത്. വിവാദമുണ്ടാക്കിയെടുത്ത് വഴി തിരിച്ചുവിടാനുള്ള ആസൂത്രണ നീക്കമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അയ്യപ്പ സംഗമത്തെ തള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ്. അതുകൊണ്ടാണ് വ്യക്തത ഇല്ലാത്ത മറുപടി പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. രണ്ടാം തീയതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡിനെ പ്രതിപക്ഷ നേതാവ് അറിയിച്ചത്. കാണുക എന്നത് മര്യാദയാണ്.
പ്രതിപക്ഷ നേതാവിന് തോന്നിയത് അദ്ദേഹം ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമല്ല അയ്യപ്പ സംഗമം. ജനപ്രതിനിധികളെ ക്ഷണിക്കുക എന്നത് സാമാന്യ മര്യാദയാണ്, അതാണ് കാണിച്ചത്. ഒരു സംഘടനയെയും പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. അയ്യപ്പ സംഗമത്തില്‍ പ്രതിപക്ഷത്തിനകത്ത് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുമെന്നും അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് കോടതി ഒന്നും സര്‍ക്കാരിനോട് ചോദിച്ചിട്ടില്ല. സര്‍ക്കാരിന് കൃത്യവും വ്യക്തവുമായ മറുപടിയുണ്ടെന്നും മന്ത്രി പറഞ്ഞു.