
സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് വീണ്ടും തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എസ്എഫ്‌ഐഒ) കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
നിര്‍ണായക വിവരങ്ങള്‍ ഹര്‍ജിയിലുണ്ടെന്നും അതിനാല്‍ പകര്‍പ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. കീഴ്ക്കോടതിയിലാണ് ആദ്യം ഷോണ്‍ ജോര്‍ജ്ജ് ഹര്‍ജി നല്‍കിയത്. ചില രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് നല്‍കാനാണ് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
സിഎംആര്‍എല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി. രേഖകള്‍ ഭാഗികമായി ഷോണ്‍ ജോര്‍ജിന് നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിഎംആര്‍എലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ സിഎംആര്‍എല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി ഷോണ്‍ ജോര്‍ജിനെ വിലക്കിയിരുന്നു.