Sports

2025 ഐസിസി വനിത ലോകകപ്പ് : യോഗ്യത റൗണ്ടില്‍ മാസ്മരിക പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ്

2025 ഐസിസി വനിത ലോകകപ്പ് യോഗ്യത റൗണ്ടില്‍ മാസ്മരിക പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്‌ലി മാത്യൂസ്. സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിലായിരുന്നു താരം ക്രിക്കറ്റ് ലോകത്ത് ഒന്നാകെ അമ്പരപ്പിച്ചത്. പേശിവലിവിനെ തുടര്‍ന്ന് നടക്കാനാകാതെ സ്ട്രെച്ചറില്‍ മൈതാനത്ത് നിന്ന് താരത്തിന് പലതവണ മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, തിരിച്ചെത്തി സെഞ്ച്വറിയും നേടി ഹെയ്‌ലി തിളങ്ങി.

സ്കോട്ട്‌ലൻഡ് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 120-2 എന്ന ശക്തമായ നിലയില്‍ നിന്ന് 203-9ലേക്ക് വിൻഡീസ് തകര്‍ന്നടിഞ്ഞു. മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ചു ഹെയ്‌ലി. പക്ഷേ, താരം 95ലും 99ലും ബാറ്റ് ചെയ്യവെയാണ് പേശിവലിവ് ഗുരുതരമായത്. രണ്ട് തവണയും താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. 41-ാം ഓവറിലെ മൂന്നാം പന്തിന് ശേഷമായിരുന്നു ഹെയ്‌ലി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. എന്നാല്‍, തൊട്ടുപിന്നാലെ എത്തിയ വിൻഡീസ് നിരയിലെ അവസാന താരം കരിഷ്മ രാംഹരാക്ക് ഗോള്‍ഡൻ ഡക്കായി പുറത്തായതോടെ ഹെയ്‌ലിക്ക് ക്രീസിലേക്ക് തിരിച്ചെത്തേണ്ടി വന്നു. ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ഏകദിന കരിയറിലെ ഒൻപതാം സെഞ്ച്വറി താരം കുറിച്ചു.

അവസാന വിക്കറ്റില്‍ ആലിയ അലൈനൊപ്പം 30 റണ്‍സ് ചേര്‍ത്തു. അലൈനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്കോട്ട്‌ലൻഡ് 11 റണ്‍സിന്റെ ജയം സ്വന്തമാക്കുമ്പോള്‍ മറുവശത്ത് 114 റണ്‍സുമായി ഹെയ്‌ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 113 പന്തില്‍ 14 ഫോറുകളാണ് താരം നേടിയത്. പന്ത് എറിഞ്ഞ് നാല് വിക്കറ്റും ഹെയ്‌ലി നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ നാല് വിക്കറ്റെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്ത നാലാമത്തെ താരമായി മാറാൻ ഹെയ്‌ലിക്ക് സാധിച്ചു. ഏകദിനത്തില്‍ ഒൻപത് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാകാനും വിൻഡീസ് ക്യാപ്റ്റനായി. 88 ഇന്നിങ്സുകളില്‍ നിന്നാണ് ഒൻപത് സെഞ്ച്വറി. ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങാണ് ഒന്നാം സ്ഥാനത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button