
കോൺഗ്രസിൽ ഗ്രൂപ്പ് പോര്. കോഴിക്കോട് ബാലുശ്ശേരിയിൽ എം കെ രാഘവൻ എം പിക്കെതിരെ ബ്ലോക്ക് കോൺഗ്രസ് നേതൃത്വം. പുതിയ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിനെ ചൊല്ലിയാണ് തർക്കം ഉയർന്നത്. ടി സിദ്ദിഖിനെ ഉദ്ഘാടകനാക്കിയതിനെതിരെ എം കെ രാഘവൻ കെ പി സി സി ക്ക് പരാതി നൽകിയിരുന്നു.
ടി സിദിഖിൻ്റെ നോമിനിയായ വി ബി വിജീഷ് ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിനെ ചൊല്ലിയാണ് തർക്കം. ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം ആദ്യം പുറത്തിറക്കിയ നോട്ടീസിൽ ടി സിദ്ധിഖ് ഉദ്ഘാടനവും ഡിസിസി പ്രസിഡൻ്റ് കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷകനും ആയിരുന്നു. പിന്നീട് എം കെ രാഘവന്‍ എംപി യെ മുഖ്യാതിഥിയായി ഉള്‍ക്കൊള്ളിച്ച് പുതിയ നോട്ടീസ് വന്നു.
നിലവിൽ ഭാരവാഹിയല്ലാത്ത സിദ്ധിഖിനെ ഉദ്ഘാടകനാക്കിയതാണ് രാഘവനെ ചൊടിപ്പിച്ചത്. എം പി ആയ തന്നെ അപകീർത്തിപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ രാഘവൻ കെ പി സി സി ക്ക് പരാതി നൽകി. പ്രശ്നം ഒഴിവാക്കി പരിപാടി നടത്താൻ നിർദ്ദേശം ലഭിച്ചതോടെ ഡി സി സി പ്രസിഡൻ്റ് ഉദ്ഘാടകനായി എത്തി. എം കെ രാഘവൻ അനുകൂലികളും ടി സിദ്ദിഖ് പക്ഷക്കാരും വിട്ടു നിന്നതോടെ ചടങ്ങ് ശുഷ്ക്കമായാണ് നടന്നത്. എല്ലാ മണ്ഡലത്തിലും എംപി തന്റെ ഗ്രൂപ്പ് ഉണ്ടാക്കുവാനുള്ള നീക്കമാണ് നടത്തുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.