KeralaNews

കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഗവര്‍ണര്‍: വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗവര്‍ണറാണെന്നും സെനറ്റ് ഹാളില്‍ ബിജെപി പതാക ഏറ്റുനില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ കൊണ്ടുവന്നു വെച്ച് ആരാധന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം വിസിക്ക് ഇല്ലെന്നും നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേന്ദ്രസര്‍ക്കാര്‍ എല്ലാ സര്‍വകലാശാലകളെയും രാഷ്ട്രീയവത്കരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ആ തീരുമാനത്തിന്റെ ഭാഗമായി അവര്‍ ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ ബിജെപിയുടെ കേന്ദ്രങ്ങളാക്കാനുളള ശ്രമം നടത്തുകയാണ്. സര്‍വകലാശാല നിയമമനുസരിച്ച് സിന്‍ഡിക്കേറ്റിനാണ് എല്ലാവിധ അധികാരങ്ങളുമുളളത്. അധികാരങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരള സര്‍വകലാശാലയിലെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഗവര്‍ണറാണ്. അദ്ദേഹമാണ് തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ ബിജെപി പതാകയുയര്‍ത്തി നില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ എടുത്തുവെച്ച് ആരാധന നടത്തിയത്.

പ്രതിഷേധമുണ്ടെന്ന് അറിഞ്ഞിട്ടുകൂടി അത് വകവയ്ക്കാതിരിക്കുകയാണുണ്ടായത്. ലാത്തിച്ചാര്‍ജുണ്ടായി. കുട്ടികള്‍ക്കൊക്കെ പരിക്കേറ്റു. വീണ്ടും അദ്ദേഹം ഇടപെട്ടു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. അതിനുളള അധികാരം ഗവര്‍ണര്‍ക്കില്ല. സിന്‍ഡിക്കേറ്റ് കൂടി ആ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നമാണ്. അവരുടെ പരീക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കോട്ടംവരുന്ന രീതിയില്‍ കൊണ്ടെത്തിക്കുകയാണ് ഗവര്‍ണര്‍. പൂര്‍ണ ഉത്തരവാദി ഗവര്‍ണര്‍ തന്നെയാണ്’ – വി ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button