KeralaNews

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.

എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.

ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021-ൽ ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സർക്കാർ മാനിക്കുന്നു. എന്നാൽ, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല. വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ജനാധിപത്യപരമായ രീതി. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button