
കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി കണക്കാക്കരുത് എന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനു പ്രധാനമന്ത്രിയുടെ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഐജിഎസ്ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിനു പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കുടിശിക വരുന്നത് കര്‍ഷകര്‍ക്കും സപ്ലൈകോക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി തുക നല്‍കിയിട്ടുണ്ട്. ഇതില്‍ കടമെടുപ്പ് വെട്ടിക്കുറച്ചത് ഇരട്ടപ്രഹരമായി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.