
തൃശൂർ നഗരത്തിൽ മാത്രം 12 ഫ്ലാറ്റുകളിൽ കള്ളവോട്ട്. പൂങ്കുന്നം, പുഴയ്‌ക്കൽ, അയ്യന്തോൾ മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ബിജെപി കള്ളവോട്ട് ചേർത്തത്. പല ഫ്ലാറ്റുകളിലും താമസക്കാർ അറിയാതെയാണ് വോട്ടുകൾ ചേർത്തു. ഒഴിഞ്ഞ് കിടക്കുന്ന ഫ്ലാറ്റുകളിലും കൂട്ടത്തോടെ വോട്ട് ചേർത്തു. വോട്ടർപട്ടികയിലെ വിലാസത്തിൽ വോട്ടർമാർ താമസമില്ല. വ്യാപകമായി അട്ടിമറി നടന്നത് പട്ടികയിൽ വോട്ട് ചേർക്കാനുള്ള അവസാനഘട്ടത്തിൽ ആണ്.
അതേസമയം തൃശ്ശൂരിലെ ബിജെപിയുടെ കള്ളവോട്ട് വിഷയത്തിൽ ദിവസം തോറും കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കള്ളവോട്ടുകൾ ചേർത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപിയെ വെള്ള പൂശാനും സമാന്തരമായി ബിജെപി നേതാക്കൾ ശ്രമം തുടരുന്നുണ്ട്. സംഭവം മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങളുമായി ബിജെപിനേതാക്കളും സജീവമാണ്. കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാറിനെതിരെ തൃശൂരിലെ കുടുംബം പരാതി നൽകി. കുറ്റൂർ സ്വദേശി എം.ടി വേണുഗോപാൽ ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.
ഇതിനിടെ ഇറ്റലിക്കാരെയോ ബംഗ്ലാദേശികളെയോ അല്ല തങ്ങൾ വോട്ടർ പട്ടികയിൽ ചേർത്തത് എന്ന വിചിത്രമായ ന്യായീകരണവുമായി ബിജെപിസംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. കള്ളവോട്ടു ചേർക്കലിനെ ഏതു തരത്തിലും പ്രതിരോധിക്കണം എന്ന തീരുമാനമാണ് കൊച്ചിയിൽ നടന്ന ബിജെപികോർ കമ്മറ്റിയിലും ഉയർന്നത്. തൃശൂർ കോർപ്പറേഷനിലെ വനിതാ കൗൺസിലറുടെ വീട്ടിൽ കാസർകോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള സംഘപരിവാർ നേതാക്കളുടെ വോട്ട് ചേർത്തതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.