
കേരളത്തിലെ റെയില്‍ ഗതാഗതത്തിന് ഉണര്‍വ് പകരാന്‍ മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വരുന്നു. എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതായി കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നവംബര്‍ പകുതിയോടെ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര റെയില്‍ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നും പത്രക്കുറിപ്പ് അറിയിച്ചു. കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് ഇളവ് നല്‍കാന്‍ പുതിയ ട്രെയിന്‍ സര്‍വീസിന് സാധിക്കുമെന്നും ബിജെപി അധ്യക്ഷന്‍ പ്രതീക്ഷ പങ്കുവച്ചു. ഉല്‍സവ സീസണുകളില്‍ ഉള്‍പ്പെടെ അമിത ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ളുടെ കൊള്ളയ്ക്കും പരിഹാരമാകും.
റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, അഡ്വ. എസ് സുരേഷ്, ബി ജെ പി ജില്ലാ പ്രസിഡന്റുമാരായ പ്രശാന്ത് ശിവന്‍, കെ എസ് ഷൈജു, വേണുഗോപാല്‍ എന്നിവരും റെയില്‍വെ മന്ത്രിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.