NationalNewsPolitics

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: പരാതികൾ എഴുതി നൽകണം.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ പരാതികൾ കേൾക്കാൻ തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികൾ എഴുതി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് തടസ്സമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് കമ്മീഷൻ കത്തയച്ചു. ഈ മാസം 12-നാണ് കത്തയച്ചത്. ചർച്ചയ്ക്കുള്ള തീയതി അറിയിക്കാൻ നിർദേശിച്ചുള്ള കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.

നേരത്തേ ‘ദി ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നിരുന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള പാനൽ അട്ടിമറിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമായിരുന്നു രാഹുൽ ഉന്നയിച്ചത്. വ്യാജ വോട്ടർമാരെ ഉപയോഗിച്ച് വോട്ടർ പട്ടിക പെരുപ്പിച്ചുവെന്നും രാഹുൽ ആരോപിച്ചിരുന്നു. ലേഖനം വലിയ രീതിയിൽ ചർച്ചയായതോടെ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു.

രാഹുലിന്റെ അവകാശവാദം അസംബന്ധമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. വോട്ടർമാരിൽ നിന്ന് പ്രതികൂലമായ വിധിയുണ്ടായാൽ പക്ഷപാതപരമാണെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കമ്മീഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. നിങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ ലേഖനത്തിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കുകയുമാണ് വേണ്ടതെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടക്കം പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button