KeralaNews

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല; ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’ ; ഇ എ സുകു

അപമാനിതരായി പുറത്ത് നില്‍ക്കണമെന്നൊരു ആഗ്രഹം തൃണമൂല്‍ പ്രവര്‍ത്തകരുടെ ഇടയില്‍ ഇല്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ക്കെടുക്കാവുന്ന നിലപാട് മത്സര രംഗത്തേക്ക് വരിക എന്നതാണെന്നും ടിഎംസി കേരള സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഇ എ സുകു. ഇന്ന് വൈകുന്നേരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗവുമുണ്ടെന്നും ഈ യോഗങ്ങള്‍ക്ക് ശേഷം മത്സരരംഗത്തേക്ക് വരാനുള്ള പ്രഖ്യാപനം നടത്തുമെന്നും സുകു പറഞ്ഞു.

അഞ്ച് മാസമായി തീരുമാനമെടുക്കാത്തൊരു കാര്യം ഇനി ഈ അവസാന നിമിഷത്തില്‍ മഹാത്ഭുതം സംഭവിച്ച് നടക്കുകയാണെങ്കില്‍ ആകട്ടെ എന്നും തങ്ങള്‍ അതിന് തയാറാണെന്നും യുഡിഎഫ് പ്രവേശനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഇല്ലെങ്കില്‍ ഇനി ഞങ്ങള്‍ അവരുടെ പിറകെ പോകുന്നില്ല. മാന്യമായൊരു അക്കൊമഡേഷന്‍ ഞങ്ങള്‍ക്ക് വേണം. ഏതെങ്കിലും തരത്തിലുള്ളത് പോര – അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന പ്രസ്ഥാനം യുഡിഎഫ് ആണെന്ന് കണ്ടുകൊണ്ടാണ് സഹകരിക്കുക എന്ന അഭിപ്രായം വന്നത്. നിലപാട് ഇനി വ്യക്തമാക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. ശുഭവാര്‍ത്തയുണ്ടെങ്കില്‍ സന്തോഷമേയുള്ളു – അദ്ദേഹം വ്യക്തമാക്കി.

ഇനി കാത്തിരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ ഒറ്റയ്ക്ക് മത്സരിക്കും. മത്സരിക്കാന്‍ സന്നദ്ധമാണെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇന്ന് വൈകിട്ട് മഞ്ചേരിയില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയിലെത്തും. നാളെ നടക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പ്രഖ്യാപനം. എന്നാല്‍ സമവായ ചര്‍ച്ചകളും തകൃതിയായി നടക്കുന്നുണ്ട്. അനുനയ ചര്‍ച്ചകള്‍ തുടരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button