
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആര്‍എസ്എസ് വിവാദമാക്കുന്നതിന് പിന്നില്‍ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ആര്‍എസ്എസ് പറയുന്നതേ സിനിമയാക്കാവൂ എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ എന്ന് ഇ പി ജയരാജന്‍ ചോദിച്ചു. സിനിമയെ സിനിമയായി കാണണം. ഞങ്ങള്‍ക്കെതിരെ എത്ര സിനിമ ഇറങ്ങിയിരിക്കുന്നുവെന്നും എന്നിട്ട് തങ്ങളാരും അതിനെ എതിര്‍ത്തിട്ടില്ലല്ലോ എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
എമ്പുരാന്‍ സിനിമയില്‍ ആര്‍എസ്എസിനെ ആക്ഷേപിക്കുന്ന വിധത്തിലെ ഡയലോഗുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് സിനിമയ്‌ക്കെതിരെ രംഗതത്തെത്തിയത്. എന്നാല്‍ എമ്പുരാന്‍ ബഹിഷ്‌കരണം പോലുള്ള കടുത്ത നീക്കത്തിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ തീരുമാനം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയ്‌ക്കെതിരെ ആര്‍എസ്എസ് നേതാക്കള്‍ രൂക്ഷവിമര്‍ശനം പരിഹാസവും ബഹിഷ്‌കരണത്തിനുള്ള ആഹ്വാനവുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഇ പി ജയരാജന്റെ പ്രതികരണം.
അതേസമയം എമ്പുരാന്‍ ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും ചിത്രം കാണാന്‍ വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.