KeralaNews

ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ്

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സനൂപ്. ആക്രമണം ആരോഗ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും സമര്‍പ്പിക്കുന്നു എന്നും സനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ ആണ് സനൂപിന്റെ പ്രതികരണം.

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ച സനൂപ്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ സനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ സനൂപിന് എതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും എഫ്‌ഐആര്‍ പറയുന്നു.

അതേസമയം, കുട്ടിയുടെ മരണത്തിന് ശേഷം സനൂപ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ പറഞ്ഞിരുന്നതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button