NationalNews

വഖഫ് ബില്ലിനെ ചൊല്ലി ജെഡിയുവിൽ കലഹം രൂക്ഷം; നിതീഷിനെ നേതാക്കൾ കാണും; കോടതിയെ സമീപിച്ച് ജെഡിയു നേതാവ്‍‍

പാർലമെന്റിൽ വഖഫ് ബില്ലിനെ അനുകൂലിച്ചതിനെച്ചൊല്ലി ജെഡിയുവിൽ കലഹം രൂക്ഷമാകുന്നു . പാർട്ടി പിന്തുടർന്നുവന്ന മതനിരപേക്ഷ നിലപാടുണ്ടെന്നും എന്നാൽ അത് ബിജെപിക്ക് വേണ്ടി ചില നേതാക്കൾ വെള്ളംചേർത്തെന്നും കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നെന്നുമാണ് ഉയരുന്ന വിമർശനം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനുമുകളിൽ പാർട്ടിയിൽ പിടിമുറുക്കുന്നെന്നും ആക്ഷേപമുണ്ട്.

ഇക്കാര്യങ്ങളിൽ അതൃപ്തിയറിയിക്കാൻ നിതീഷിനെ കാണാനൊരുങ്ങുകയാണ് ഒരുവിഭാഗം നേതാക്കൾ. ഈവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്‌ പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം. വഖഫ് ബില്ലിൽ ജെഡിയുവിന്റെ നിലപാട് തീരുമാനിക്കാൻ യോഗങ്ങൾ ചേർന്നില്ലെന്നും കേന്ദ്രമന്ത്രിയടക്കം മുതിർന്ന ചില നേതാക്കളെടുത്ത തീരുമാനങ്ങൾ താഴെത്തട്ടിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും നേതാക്കൾ പറയുന്നു.

അതേസമയം വഖഫ് ഭേദഗതിക്കെതിരേ ജെഡിയു നേതാവും ന്യൂനപക്ഷ സംവരണ മുന്നണി പ്രസിഡന്റുമായ മുഹമ്മദ് പർവേശ് സിദ്ദിഖി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പാർട്ടിയുടെ അഭിപ്രായത്തോട് യോജിക്കാത്തതിനാലാണ് ഹർജി നൽകിയതെന്നും ജെഡിയുവിൽ തുടർന്നുകൊണ്ടുതന്നെ നിയമപോരാട്ടം നടത്തുമെന്നും പർവേശ് സിദ്ദിഖിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button