
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കപ്പെടുന്നതായും, വര്‍ഗീയതയില്‍ ഒന്നാം സ്ഥാനത്ത് എത്തണമെന്ന വാശിയാണ് മുഖ്യമന്ത്രി പുലര്‍ത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മാറാട് കലാപത്തിന്റെ മുറിവില്‍ വീണ്ടും മുളക് തേക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2016 മുതല്‍ കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നിലപാടുകള്‍ ഉറപ്പിക്കാന്‍ അവസരം നല്കിയതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് ഇടതു മുന്നണിയുടെ സഹായത്തോടെയാണെന്നും, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ശക്തി നേടാന്‍ സാഹചര്യം ഒരുക്കിയത് സിപിഐഎം തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ അജണ്ടക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്തുന്ന ചുമതലയാണ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും, വര്‍ഗീയ വിഭജനത്തിലൂടെയാണ് 2026ല്‍ സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനാകുമെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ സിഎഎയെ കുറിച്ചാണ് മുഖ്യമന്ത്രിയും ഇടതു മുന്നണിയും കൂടുതല്‍ സംസാരിച്ചതെന്നും, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ലൈന്‍ മാറ്റി എന്നും അദ്ദേഹം പറഞ്ഞു.


