
കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി മുസ്ലീംലീഗ്. മാറാട് ഡിവിഷനിലെ 49/49 എന്ന കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍ ഉണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു. മാറാട് ഡിവിഷനില്‍ അനിത എന്ന വ്യക്തിയുടെ പേരില്‍ ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നല്‍കി.
സംസ്ഥാന വ്യാപകമായി തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലതരം നീക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു ഇതിന്റെ ഭാഗമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേടെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലുള്ളവര്‍ ആ നാട്ടുകാരാണോ പുറത്തുനിന്നുള്ളവരാണോ എന്ന് വ്യക്തമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ ചിലര്‍ക്ക് ഇരട്ട വോട്ടുകളുമുണ്ട്. ഇതിന് സൗകര്യം ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് ക്രിമിനല്‍ കേസ് എടുക്കണം എന്നും ലീഗ് ആവശ്യപ്പെട്ടു.
വോട്ട് ചേര്‍ക്കാന്‍ സി പി ഐഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടത്തിയത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എംഎ റസാഖ് പറഞ്ഞു.