KeralaNews

പിണറായി വിജയൻ അയ്യപ്പ ഭക്തനെന്നത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായം: എംഎ ബേബി

മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണ്. പിണറായി വിജയന്‍ എങ്ങനെയാണ് സ്വന്തം ചിന്തയിലും വിശ്വാസങ്ങളിലുമൊക്കെ പുലര്‍ത്തുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെന്നത് നേരിട്ട് അറിയാവുന്ന ആളുകളിലൊരാളാണ് താനെന്ന് എംഎ ബേബി പറഞ്ഞു.

വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാമര്‍ശമായി മാത്രമേ കാണുന്നുള്ളൂ. അയ്യപ്പ സംഗമം എത്രത്തോളം വിജയമാണ് എന്നത് മനസ്സിലാക്കാന്‍ ഉണ്ട്. വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയത്. ഇക്കാര്യം വിശദമാക്കി ഹിന്ദു ദിനപത്രത്തില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. ഈ കുറിപ്പിന്റെ പരിഭാഷ കുറെ തെറ്റോട് കൂടി ആണെങ്കിലും ദേശാഭിമാനിയില്‍ വന്നിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ സാമ്പത്തിക അരാജകത്വമാണ്. അതിന്റെ തെളിവാണ് തിരുവനന്തപുരത്തെ കൗണ്‍സിലറുടെ ആത്മഹത്യയിലൂടെ പുറത്ത് വന്നത്. ഇത്തരം ആത്മഹത്യകളും കുറ്റകൃത്യങ്ങളും സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവര്‍ പോലും വലിയ സാമ്പത്തിക തിരിമറികള്‍ നടത്തുന്നു. പാര്‍ട്ടികളില്‍പ്പെട്ടവര്‍ സാമ്പത്തിക തിരിമറികളില്‍പ്പെട്ടാല്‍ പ്രശ്‌നത്തില്‍ ഇടപെടാനും ശക്തമായ നടപടിയെടുക്കാനും ബിജെപിയും കോണ്‍ഗ്രസും പോലുള്ള പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും എംഎ ബേബി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തനെന്ന് പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രി അടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആദർശത്തിനായി നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാനെത്തുന്ന 90 ശതമാനം പേരും മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. ഇവർക്കെല്ലാം മനസിൽ ഭക്തിയുണ്ട്. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയല്ല. പിണറായി തന്നെ രണ്ടു തവണ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കിൽ അദ്ദേഹം വരുമോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അയ്യപ്പനെ അദ്ദേഹം ഹൃദയം കൊണ്ട് ഇന്ന് സ്വീകരിച്ചെന്നും ഭക്തനല്ലെങ്കിൽ അങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button