
തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറും രാഷ്ട്രീയ പട്ടികളുമായുള്ള യോഗത്തിൽ എതിർത്തും പിന്തുണച്ചും രാഷ്ട്രീയ പാർട്ടികൾ. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തെ സിപിഐ, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികൾ എതിർത്തപ്പോൾ പിന്തുണക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. സംസ്ഥാനത്ത് എസ്ഐആർ കൊണ്ടുവരുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ പ്രായോഗികമല്ലെന്ന് സിപിഐ എതിർപ്പ് അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ എസ്ഐആർ മാറ്റിവച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും സിപിഐ പറഞ്ഞു.
യോഗത്തിൽ ശക്തമായ എതിർപ്പ് ഉന്നയിച്ച് സിപിഎമ്മും രംഗത്തെത്തി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രക്രിയയും എസ്ഐആറും ഒന്നിച്ചാണ് നടക്കുന്നത്. ബിഎൽഒമാർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലികൾ നിർത്തിവയ്ക്കേണ്ടി വരും. എസ്ഐആർ നടപ്പാക്കുന്ന സമയം പോലും മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. സിഇഒ അയച്ച കത്തിനും നിയമസഭാ പാസ്സാക്കിയ പ്രമേയത്തിനും വില കല്പിച്ചില്ല. അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും യോഗത്തിനെത്തിയ എംവി ജയരാജൻ പറഞ്ഞു. നിലവിലുള്ള വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ നീക്കമെന്ന് സംശയമുണ്ട്. പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ശ്രമമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷനും സിഇഒയും ഇതിന് കൂട്ട് നിൽക്കരുത്. 23,000ൽ കൂടുതൽ ബിഎൽഒമാരെ വിന്യസിക്കേണ്ടി വരും. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. എങ്ങനെ എസ്ഐആ ഈ സമയത്ത് നടപ്പാക്കുമെന്നും സിപിഎം ചോദിച്ചു. 2002 ലെ വോട്ടർ പട്ടികയിൽ ഉള്ള മാതാപിതാക്കൾ മരിച്ചു പോയാൽ, അതിന് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരില്ലേ. റേഷൻ കാർഡ് രേഖയായി സ്വീകരിക്കാത്തതിന് എതിരെയും സിപിഎം പ്രതികരിച്ചു. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്ന അസമിനെ എസ്ഐആറിൽ നിന്ന് ഒഴിവാക്കി. ഇത് സംശയം ബലപ്പെടുത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആർ നടപ്പാക്കരുത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം സിഇഒ അറിയിക്കണമെന്നും സിപിഎം നേതാവ് എംവി ജയരാൻ ആവശ്യപ്പെട്ടു.
എസ്ഐആറിനെ എതിർത്ത് കൊണ്ടാണ് കോൺഗ്രസും പ്രതികരിച്ചത്. കേരളത്തിൽ ഈ സമയത്ത് എസ്ഐആർ നടപ്പാക്കരുതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സിഇഒ അയച്ച കത്തിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ദ്രോഹകരമാണ്. സുപ്രീംകോടതിയിലെ കേസോ, നിയമസഭ പാസ്സാക്കിയ പ്രമേയമോ പോലും പരിഗണിച്ചില്ല. ജനങ്ങൾക്ക് ഇരട്ട ശിക്ഷയാണിത്. സിഇഒ ദില്ലിയിൽ പോയി എതിർപ്പ് അറിയിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, എസ്ഐആറിനെ പിന്തുണച്ച് കൊണ്ടായിരുന്നു ബിജെപിയുടെ നിലപാട്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന് ഉള്ള ശ്രമമാണിത്. മുമ്പ് എസ്ഐആർ നടപ്പാക്കിയപ്പോൾ ഇല്ലാത്ത എതിർപ്പ് ഇപ്പോൾ ഉന്നയിക്കുന്നത് ദുരൂഹമാണെന്ന് എസ് സുരേഷ് പറഞ്ഞു. ഈ രാജ്യത്തെ പൗരന്മാർ അല്ലാത്ത ആരും വോട്ടർ പട്ടികയിൽ ഉണ്ടാകരുത്. എസ്ഐആർ പ്രക്രിയ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും പൗരത്വ രജിസ്റ്ററും എസ്ഐആറും തമ്മിൽ കൂട്ടിക്കെട്ടരുതെന്നും ബിജെപി ആവശ്യപ്പെട്ടു.



