
ശബരിമല യുവതി പ്രവേശനം വീണ്ടും ചർച്ചയാക്കാനുള്ള പ്രതിപക്ഷ നീക്കത്തെ തന്ത്രപരമായ മറികടക്കാൻ സിപിഎം. യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഹരജി കോടതി വീണ്ടും പരിഗണിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. വിശാല ബഞ്ച് ഹരജി പരിഗണിക്കുമ്പോൾ നിലപാട് കോടതിയിൽ പറയാം എന്നാണ് സിപിഎം തീരുമാനം.
ശബരിമലയിലെ യുവതി പ്രവേശനം തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്ന് സിപിഎമ്മിനോളം അറിയുന്ന മറ്റ് ആൾക്കാർ ഉണ്ടാകില്ല. യുവതി പ്രവേശത്തിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ വീട് വീടാന്തരം കയറേ ണ്ടിവന്നു നേതാക്കൾ. യുഡിഎഫും സംഘപരിവാറും ആയിരുന്നു പ്രതിഷേധത്തിന്റെ ഗുണഭോക്താക്കൾ. ആഗോള അയ്യപ്പ സംഗമം നടക്കുമ്പോൾ യുവതി പ്രവേശനം വീണ്ടും ചർച്ചയാക്കുന്ന നീക്കത്തിന് പിന്നിലെ അജണ്ട സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആ അജണ്ടയിൽ കൊളുത്തേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമാണ്.വിവിധ ചോദ്യങ്ങൾ കോടതി തന്നെ ഉന്നയിച്ച് അതിനകത്ത് പരിഹാരം കണ്ടെത്താൻ വിശാല ബഞ്ച് തീരുമാനിച്ചിട്ടുണ്ട്.അങ്ങനെ ഒരു വിഷയത്തിൽ പാർട്ടിയോ, സർക്കാർ ഇപ്പോൾ മറുപടി പറയേണ്ടതില്ല എന്നാണ് തീരുമാനം. ഇപ്പോൾ ഈ വിഷയം ഉയർത്തുന്നതിന് പിന്നിൽ യുഡിഎഫിനും സംഘപരിവാറിനും വ്യക്തമായി തെരഞ്ഞെടുപ്പ് അജണ്ട ഉണ്ടെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. അയ്യപ്പ സംഗമത്തിന് എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണ ഉള്ളത് സർക്കാരിന് കൂടുതൽ ഊർജം നൽകിയിട്ടുണ്ട്.പാർട്ടിയുടെ സംഘടനാ മിഷനറി കൂടി പരിപാടി വിജയിപ്പിക്കാൻ വേണ്ടി രംഗത്തിറങ്ങാനാണ് തീരുമാനം.