KeralaNews

ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കി’; ‘ഇത് തിരുത്തലല്ല തകര്‍ക്കല്‍’ എന്ന പേരില്‍ ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഡോ ഹാരിസ് ഹസനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം. ഡോ. ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണ്. ആരോഗ്യവകുപ്പ് അതില്‍ ദൗരവമായി തന്നെ ഇടപെട്ടു. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തി.

ഇത് തിരുത്തലല്ല തകര്‍ക്കല്‍ എന്ന പേരിലാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന സൗജന്യ ചികിത്സകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായെന്നും സൗകര്യങ്ങള്‍ വര്‍ധിച്ചെന്നും മുഖപ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍മാത്രം നടത്തിയിരുന്ന നവീന ചികിത്സാ സൗകര്യങ്ങളും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും അവയവമാറ്റ ശസ്ത്രക്രിയകളും മിക്ക നഗരങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. അര്‍ഹര്‍ക്കെല്ലാം സൗജന്യ ചികിത്സ, മതിയായ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മികച്ച ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍, മരുന്ന് ലഭ്യത തുടങ്ങി മുഴുവന്‍ മേഖലയും ഇത്രമാത്രം നവീകരിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, നവജാതശിശു മരണനിരക്ക് തുടങ്ങി ആരോഗ്യമേഖലയുടെ സജീവത അളക്കാനുള്ള ഏത് മാനദണ്ഡമെടുത്താലും നേട്ടം കൊയ്ത സംസ്ഥാനമാണിതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണമെന്നും അതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കണമെന്നുമാണ് ഡോക്ടര്‍ ഹാരിസ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കമെന്ന് മുഖപ്രസംഗത്തിലുണ്ട്. ഇത് തെറ്റിദ്ധരിക്കപ്പെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം, ഇനിയെടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയടക്കം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. മാര്‍ച്ചില്‍ത്തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തുവെന്നും മുഖപ്രസംഗത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button