
കരുവന്നൂർ കേസിന്റെ മറവില്‍ നേതാക്കളെ പ്രതി ചേർത്ത ഇ ഡി നടപടിക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഐ എം. ഇ ഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് മെയ് 28 ന് തൃശൂരിൽ പ്രതിഷേധ മാർച്ച് യോഗവും സംഘടിപ്പിക്കും. പരിപാടി പാർട്ടി പൊളിറ്റ്ബ്യൂറോഅംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇന്ന് ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിനെയും പാർട്ടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവ്വപരിധികളും ലംഘിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ എം എം വർഗീസ് എന്നിവരെ രാഷ്‌ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ കരുവന്നൂർ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്. സർക്കാരിനൊപ്പം നിന്ന് അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനസ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ് ഈ നേതാക്കൾ ചെയ്തത്. ഇവർക്കെതിരായ കേസ് കോടതിയിൽ തള്ളിപ്പോകുമെന്ന് ഉറപ്പാണെന്നിരിക്കെ, ആർഎസ്‌എസ് താൽപര്യം സംരക്ഷിച്ച് പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിക്കാനാണ് പ്രതിപ്പട്ടികയിൽ പേര് ചേർത്തത്. ഇത് തീക്കളിയാണെന്ന് ഓർമ്മ വേണം. രാഷ്‌ട്രീയമായും നിയമപരമായും കള്ളക്കേസുകളെ നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.