മറക്കരുത് ബംഗാൾ; വ്യവസായം വരട്ടെ, ഒറ്റക്കെട്ടായി സി.പി.എം. പ്രതിനിധികൾ

കൊല്ലം: സ്വകാര്യമൂലധനത്തിനും വ്യവസായങ്ങൾക്കും വഴിയൊരുക്കാൻ നയംമാറ്റി സി.പി.എം. കാത്തിരിക്കുമ്പോൾ ബംഗാളിലെ അനുഭവം മറക്കരുതെന്ന് പ്രതിനിധികൾ. അടിസ്ഥാനജനവിഭാഗങ്ങളാണ് പാർട്ടിയുടെ ശക്തിയെന്ന് പ്രവർത്തനറിപ്പോർട്ടിന്റെ ചർച്ചയിൽ ഓർമ്മിപ്പിച്ചതിന്റെ തുടർച്ചയായാണ്, മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തിനായ് പുതുവഴികൾ’ എന്ന രേഖയിലെ ചർച്ചയും ഉണ്ടായത്. അതേസമയം, കേന്ദ്രത്തിൽ ബി.ജെ.പി. അധികാരശക്തിയായിത്തുടരുമ്പോൾ കേരളത്തിന് വിഭവസമാഹരണത്തിന് പുതുവഴികൾ തേടേണ്ടതുണ്ടെന്ന രേഖയിലെ പൊതുനിർദേശം പ്രതിനിധികൾ അംഗീകരിച്ചു. 27 പേരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഏതു വ്യവസായം തുടങ്ങാനും ഭൂമിവേണം. കേരളത്തിൽ ഭൂമിലഭ്യത തീരേ കുറവാണ്. സിംഗൂരിലെ അനുഭവം മനസ്സിൽവെച്ചേ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങാവൂ -പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സെസും ഫീസും പിരിക്കുന്നത് പാർട്ടി ലൈനാണോയെന്ന് കോഴിക്കോട്ടുനിന്ന് ചർച്ചയിൽ പങ്കെടുത്ത കെ.ടി. കുഞ്ഞിക്കണ്ണൻ ചോദിച്ചു. ജനങ്ങൾ സംശയത്തിലാകും. ഇത് ദൂരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ ‘നവകേരളം സൃഷ്ടിക്കാവൂ’യെന്നായിരുന്നു മറ്റൊരു പരാമർശം. അസംഘടിതമേഖലയിൽ ആകെ അരക്ഷിതാവസ്ഥയാണ്. ആശ, അങ്കണവാടി, എൻ.എച്ച്.എം. തുടങ്ങിയ മേഖലകളിൽ മിനിമം കൂലി ഉറപ്പുവരുത്തണം.