
സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
റിപ്പോര്‍ട്ടിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചില തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ജനങ്ങളുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് ശ്രമിക്കണം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ കരുതലോടെ മുന്നണി മുന്നോട്ടുപോകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്രനിലപാടുള്ള ശക്തികള്‍ യുഡിഎഫിനെ പിന്തുണച്ചു തുടങ്ങിയ ആരോപണങ്ങളും ഈ രാഷ്ട്രീയ റിപ്പോര്‍ട്ടിലുണ്ട്. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ നിഷ്‌കര്‍ഷിച്ചത് രാജ്ഭവനെ സംഘപരിവാര്‍ കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.