
തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പൊലീസിനോടാണ് നിർദ്ദേശം നൽകിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. പിസി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ആയിരുന്നു പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗം. മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.
കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്ലിങ്ങൾ അല്ലാത്തവർക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്, രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട തുടങ്ങിയ വിഷലിപ്തമായ പരാമർശങ്ങളാണ് പിസി ജോർജ് ഉന്നയിച്ചത്. ഈ പറയുന്നതിന്റെ പേരില്‍ വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാമെന്നും പിസി ജോർജ് പറഞ്ഞിരുന്നു.
തനിക്ക് പ്രശ്‌നമില്ല, കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോർജ് പറഞ്ഞു. വർഗീയത നിറഞ്ഞ പരാമർശങ്ങൾ ഉപയോഗിച്ചതിന് ഹൈക്കോടതി പി സി ജോര്‍ജിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്നാണ് അന്ന് കോടതി പറഞ്ഞത്.