
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ജനങ്ങളാകെ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ജനങ്ങൾ ഉറ്റുനോക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന് അകത്തെ ജീർണ്ണതയെ പറ്റി രാഹുൽ മാങ്കൂട്ടത്തിലിന് അറിയാം. കോൺഗ്രസ് ചരിത്രത്തിൽ ഇത്രയും ജീർണമായ ഒരു അധ്യായം ഉണ്ടായിട്ടില്ല. അത്തരമൊരു വിഷയത്തെ വച്ച് സിപിഎമ്മുമായി താരതമ്യം ചെയ്യേണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾക്കൊന്നും രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നും പെരുമഴ പോലെ ഇനിയും വന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ രാഹുൽ രാജിവെക്കണം എന്നാണ് ആവശ്യപ്പെടുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കെ സി വേണുഗോപാലിന്റെ ഭാര്യക്ക് ഉൾപ്പടെ കാര്യം മനസ്സിലായിട്ടുണ്ട്. രാഹുലിന്റെ വിഷയത്തിൽ സിപിഐഎമ്മിന് ഒരു രാഷ്ട്രീയ ഗുണവും ഉണ്ടാകില്ല. രാഹുൽ നിയമസഭയിൽ വന്നാൽ അന്നേരം കാണാമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഏത് ഉപതിരഞ്ഞെടുപ്പിനെയും നേരിടാൻ സിപിഐഎം തയാറാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് എംഎൽഎയും എംപിയെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.