
ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കോണ്‍ഗ്രസ് ആണ് അവിശ്വാസ പ്രമേയത്തിന് മുന്‍കൈയ്യെടുക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് തീരുമാനമെടുത്തത്. ലോക്സഭയില്‍ നിലവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുക.
പ്രമേയത്തിന് സമാജ് വാദി പാര്‍ട്ടിയുടെയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും പിന്തുണയുണ്ട്, അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അവിശ്വാസ പ്രമേയത്തില്‍ എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. സഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന്. തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെയാണ് എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയെ വനിതാ എംപിമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ വിശദീകരണം നല്കാന് രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കാത്തത്തും പ്രതിപക്ഷത്തിന്റെ നീക്കത്തിന് കാരണമായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോഴും വനിതാ എംപിമാര്‍ക്കെതിരായ ആരോപണത്തില്‍ വിശദീകരണം നല്കാന് രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചിരുന്നില്ല.
ലോക്സഭാ സ്പീക്കര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച കെ സി വേണുഗോപാല്‍ രൂക്ഷ വിമര്‍ശനമാണ് സ്പീക്കര്‍ക്ക് എതിരെ ഉന്നയിച്ചത്. ലോക്സഭയില്‍ പ്രതിപക്ഷത്തിന് ഇടം നല്‍കുന്നില്ലെന്നും, ഇത്തരം ഒരു മനോഭാവം രാജ്യ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോളം പ്രാധാന്യമുള്ള പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. എന്നാല്‍ ഇവിടെ, പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ല. സര്‍ക്കാരിന് എന്തും പറയാനും ആരെയും ആക്രമിക്കാനും കഴിയും. ‘കോണ്‍ഗ്രസ് വനിതാ എംപിമാര്‍ക്കെതിരെ സ്പീക്കര്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, പ്രതിപക്ഷത്തിന് സഭയില്‍ ഇടമില്ലാതായെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാകാന്‍ സാധ്യത കുറവാണെങ്കിലും ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സ്പീക്കര്‍ക്ക് എതിരായ ഇതിനായി 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമാണ്. സഭയിലെ ആകെ അംഗസംഖ്യയുടെ 50 ശതമാനത്തിലധികം പേരുടെ പിന്തുണ (ഇഫക്റ്റീവ് മെജോറിറ്റി) ഉണ്ടെങ്കില്‍ മാത്രമേ പ്രമേയം പാസാക്കാന്‍ കഴിയുകയുള്ളു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്താല്‍ സ്പീക്കര്‍ക്ക് സഭയില്‍ അധ്യക്ഷത വഹിക്കാന്‍ കഴിയില്ല. പകരം മറ്റാരെങ്കിലും സഭ നിയന്ത്രിക്കണം. എന്നാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചാവേളയില്‍ സ്പീക്കര്‍ക്ക് തന്റെ ഭാഗം വ്യക്തമാക്കാന്‍ അവകാശമുണ്ടാകും.
അതിനിടെ, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റ് നടപടികള്‍ തടപ്പെട്ടു. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതാണ് ലോക്സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരും.


