
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍, വനിത സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് എംഎല്‍എയ്ക്ക് എതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പാലക്കാട്ടെ മഹിള മോര്‍ച്ച നേതാവ് അശ്വതി മണികണ്ഠനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഗര്‍ഭാവസ്ഥയിലുള്ള ഒരു കുഞ്ഞിന് ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം കൊലപാതകം എന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഇല്ലാതാക്കാൻ പ്രേരണ നല്‍കിയെന്നാണ് പരാതിയിലെ ആക്ഷേപം. അതിനിടെ, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ഉടപെടുന്നു. വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത കമ്മീഷനും വിഷയം സജീവമായ പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗര്‍ഭച്ഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള നടപടികള്‍ വനിതാ കമ്മീഷന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിത കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടേക്കും. രാഹുലിനെതിരെ കൊച്ചിയില്‍ ലഭിച്ച പരാതിയിലും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.