
തമിഴ്‌നാട് ബിജെപിയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്ക് എതിരെ പടയൊരുക്കം. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനമെടുത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. ടിടിവി ദിനകരനെ അണ്ണാമലൈ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടു.
മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിരുന്നു. ഇതേ സമയത്താണ് ഇപിഎസ്സിനോട് ഇടഞ്ഞ് എന്‍ഡിഎ വിട്ടുപോയ ടിടിവി ദിനകരനെ കാണാന്‍ കെ അണ്ണാമലൈ എത്തിയത്. പാര്‍ട്ടി അറിയാതെയുള്ള അണ്ണാമലൈയുടെ ഈ നീക്കത്തില്‍ നൈനാര്‍ നാഗേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കടുത്ത അമര്‍ഷത്തിലാണ്.
കൂടിക്കാഴ്ചയില്‍ ബഹുമാനം നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ അണ്ണാമലൈ ദിനകരനോട് ആവശ്യപ്പെട്ടായും റിപ്പോര്‍ട്ടുണ്ട്. ഇപിഎസ്സിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ മുന്നണിയിലേക്ക് ഇല്ലെന്നും ടിടിവി ദിനകരന്‍ ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് നൈനാര്‍ നാഗേന്ദ്രന്‍ ഡല്‍ഹിയിലെത്തി ജെ പി നദ്ദയെ കണ്ടത്. അണ്ണാമലൈയുടെ ഇടപെടലുകളിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നേരത്തേ അമിത് ഷാ വിളിച്ച നേതാക്കളുടെ യോഗത്തിലും അണ്ണാമലൈ പങ്കെടുത്തിരുന്നില്ല.