
ബിജെപി ജംബോ കോർ കമ്മിറ്റിയിലേക്ക് വനിതകളെ അവഗണിച്ചു എന്ന് പരാതി. അവഗണനയ്ക്കെതിരെ കടുത്ത നിലപാടുമായി വനിതാ നേതാക്കൾ രംഗത്തെത്തുകയുമുണ്ടായി. ബിജെപി സംസ്ഥാന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയത് ടി പി സിന്ധു മോളാണ്. ഒരു നാരായണി മതിയോ എന്നും പുരുഷന്മാർ അബലന്മാർ ആയതുകൊണ്ടാണ് നാരായണൻമാരുടെ എണ്ണം കൂടിയതെന്നുമാണ് ടി പി സിന്ധു മോളുടെ വിമർശനം. സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ ഒരു സ്ത്രീ മതിയെന്നുമാണ്. നാവടക്കൂ പണിയെടുക്കൂ എന്നതാണ് നിലപാടെന്നും വിമർശനം ഉന്നയിച്ച് വാട്സാപ് ഗ്രൂപ്പിലിട്ട മെസേജിൽ പറയുന്നു.
സ്ത്രീ പാദസേവകയല്ലെയെന്നും അവഗണനയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയ മെസേജിൽ ടി പി സിന്ധുമോൾ കുറിച്ചത്. 21 പേർ അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ജംബോ കോർ കമ്മിറ്റി. ബിജെപിയുടെ രാഷ്‌ട്രീയവുമായി ബന്ധമുള്ളവരല്ല പട്ടികയിൽ ഉൾപ്പെട്ടവരെന്ന് മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നു.
മുതിർന്ന നേതാവ് ഒ രാജഗോപാലിനെയും എ എൻ രാധാകൃഷ്ണനെയും ബിജെപി കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഇതും കോർ കമ്മിറ്റിയെ പറ്റിയുള്ള ബിജെപിക്കുള്ളിലെ പുകച്ചിലുകൾക്ക് കാരണമായിരുന്നു. പിന്നാലെയാണ് സ്ത്രീ പ്രാതിനിധ്യമില്ലായ്മ ചൂണ്ടിക്കാണിച്ച് അതൃപ്തി രേഖപ്പെടുത്തി നേതാക്കൾ രംഗത്തെത്തുന്നത്.