KeralaNewsPolitics

‘ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പുനഃസ്ഥാപിക്കണം’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആശ്വാസം നൽകുന്ന വ്യവസ്ഥയാണിത്. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.

ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിൽ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button