KeralaNews

സി വി പത്മരാജന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി വി പത്മരാജന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭരണാധികാരി, പാർലമെന്‍റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി വി പത്മരാജൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവർത്തനം മുതൽ കെപിസിസി അധ്യക്ഷ പദവിയിൽ വരെ എത്തിയ അദ്ദേഹം മൂന്നുതവണ മന്ത്രിയായിരുന്നിട്ടുണ്ട്. ഇടപെടുന്ന വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികച്ച അഭിഭാഷകന്റെ ചാതുര്യം കാണിച്ചിരുന്നു.

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ നിൽക്കുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പേരിൽ ആരംഭിക്കുന്ന ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ ഈയടുത്ത ദിവസം അതിന്റെ ഭാരവാഹികൾ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിർബന്ധമായിരുന്നു ആ ക്ഷണത്തിനു പിന്നിൽ. ലാളിത്യവും രാഷ്ട്രീയ അഭിപ്രായങ്ങളിലെ ദൃഢതയും ആയിരുന്നു പത്മരാജൻ വക്കീലിന്‍റെ മുഖമുദ്ര എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button